Gulf
സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗയെ ഒരു കായിക ഇനമായി ഉള്‍പ്പെടുത്തി

ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗയെ ഒരു കായിക ഇനമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരമാനം ഉടനെ ഉണ്ടാവും. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുത്താണ് രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും യോഗയെ ഒരു കായിക ഇനമായി ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവരുന്നതെന്ന് അവര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സൗദി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനും സൗദി യോഗ കമ്മിറ്റിയും നടത്തിയ ആലോചനകളെ തുടര്‍ന്നാണിത്. യോഗയെ ഒരു സ്‌പോര്‍ട്‌സ് ഇനമായി 2017ല്‍ തന്നെ സൗദി അധികൃതര്‍ അംഗീകരിച്ചിരുന്നു. സ്‌കൂളുകളില്‍ യോഗ പരിശീലനം ആരംഭിക്കുന്നതിനു മുന്നോടിയായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിന്‍സപ്പല്‍മാര്‍, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. യോഗ പ്രാക്ടീസ് ചെയ്യുന്നവരില്‍ ഉണ്ടാവുന്ന മാനസികവും ശാരീരികവുമായ ഗുണഫലങ്ങള്‍ കാരണം രാജ്യത്ത് വലിയ പ്രചാരമാണ് ഇതിന് ലഭിക്കുന്നതെന്നും അല്‍ മര്‍വായ് പറഞ്ഞു.
രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യപരമായ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ യോഗ പരിശീലനത്തിലൂടെ സാധിക്കുമെന്ന് ആനന്ദ യോഗ സ്റ്റുഡിയോയുടെ സ്ഥാപകനും സര്‍ട്ടിഫൈഡ് യോഗ പരിശീലകനുമായ ഖാലിദ് ജമആന്‍ അല്‍ സഹ്‌റാനി അഭിപ്രായപ്പെട്ടു. ശാന്തമായ മനസ്സും കരുത്തുറ്റ ശരീരവും പ്രധാനം ചെയ്യുന്നതില്‍ യോഗയ്ക്കുള്ള കഴിവ് അപാരമാണ്. ഫോണുകളും ടാബ്ലെറ്റുകളും ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സാര്‍വത്രികമായ ഇക്കാലത്ത് യോഗ പോലുള്ള പരിശീലനങ്ങള്‍ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ കുട്ടികളെ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.