Connect with us

Crime

മാടപ്പള്ളി സംഭവം:നിയമസഭയിൽ ബാനറുകളും പ്ലക്കാര്‍ഡുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

Published

on


തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരസമിതി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ഇന്നും നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തര വേളയ്ക്കിടെ ബാനറുകളും പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
പിണറായി സർക്കാർ സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . സിൽവർലൈനിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്കുനേരെയും ലാ കോളേജ് വിദ്യാർത്ഥിനിക്കുനേരെ നടന്ന അതിക്രമങ്ങളും എടുത്തു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ലോ കോളേജ് വിഷയത്തിൽ മർദനമേറ്റവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും അദ്ദേഹം വിമർശനമറിയിച്ചു.സഭ ബഹിഷ്കരിച്ച് മാടപ്പള്ളിയിലേയ്ക്ക് പോവുകയാണെന്നും ഇന്നലെ മർദനമേറ്റ സ്ത്രീകളും കുട്ടികളുമായും ചർച്ച നടത്തി സമരം ശക്തിപ്പെടുത്തുമെന്നും സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണില്ലെന്നും ധിക്കാരം കൊണ്ട് അന്ധത ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിൽവർലൈനിനെതിരായി പ്രതിപക്ഷം ആരംഭിക്കാൻ പോകുന്ന നൂറ് സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നാളെ നടത്തുമെന്നും സതീശൻ പറഞ്ഞു.

Continue Reading