Crime
അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി കുറ്റവിമുക്തൻ
കൊച്ചി: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുൻ മന്ത്രി എം.എം മണി കുറ്റവിമുക്തനായി. വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു. എം എം മണി അടക്കം മൂന്നു പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
1982 നവംബര്‍ 13 -നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആയിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ടത്. ഈ കേസിലെ 9 പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം എം മണി ഈ കൊലപാതകങ്ങളെ 123 എന്ന് അക്കമിട്ട് സൂചിപ്പിച്ചു. പ്രസംഗം വിവാദമായതോടെയാണ് എം എം മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
പ്രസംഗത്തെ തുടര്‍ന്നു ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍, വണ്ടിപ്പെരിയാര്‍ ബാലു എന്നീ നാലുപേരുടെ കൊലപാതകക്കേസുകളിലാണു പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ബാലു വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്നു പിന്നീടു ഹൈക്കോടതി നിര്‍ദേശിച്ചു. തുടർന്ന് എകെ ദാമോദരൻ, സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി മദനൻ എന്നിവരെ പ്രത്യക അന്വേഷണ സംഘം പ്രതി ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ എം എം മണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
