Crime
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താൽ തുടങ്ങി.മാടപ്പള്ളിയില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു.

കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താൽ ആചരിക്കുകയാണ്. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി.
വാഹനങ്ങളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ചങ്ങനാശ്ശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു. 12 മണിക്ക് മാടപ്പള്ളിയില്‍ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്
ഇതിനിടെ, ആളിക്കത്തിയ പ്രതിഷേധം അവഗണിച്ച് ചങ്ങനാശേരി മാടപ്പള്ളിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെറെയിലിന്റെ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ-റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ പിഴുതെറിഞ്ഞത്.
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോ?ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.