Crime
ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം. മണ്ണെണ്ണ നിറച്ച കുപ്പി കളുമായ് ആത്മഹത്യാഭീഷണി

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലിടലിനെതിരെ മണ്ണെണ്ണ നിറച്ച കുപ്പി കളുമായ് ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. കല്ലിടല്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ച വനിതകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ രീതി സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളെ വലിച്ചിഴച്ചാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയത്. ഇത് കണ്ട് കുട്ടികള്‍ കരഞ്ഞതോടെ, നാട്ടുകാര്‍ പൊലീസിനെതിരെ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പൊലീസുമായി രൂക്ഷമായ വാക്കേറ്റമാണ് നടന്നത്.
കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മനുഷ്യശൃംഖല തീര്‍ത്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമര്‍ക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അറസ്റ്റിനിടെ കേരള കോണ്‍ഗ്രസ് നേതാവ് വി ജെ ലാലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. തർന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പോലീസ് സ്റ്റേഷനിലും സംഘർഷസ്ഥമാണ്.