International
മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുള്ള കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെന്ന് കേന്ദ്ര സർക്കാർ

ഡല്‍ഹി: മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുളള കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് സംബന്ധിച്ച് അന്തിമ ഘട്ടത്തിലാണെന്നും കോടതിയെ അറിയിച്ചു.
മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മല്‍ കൂട്ടുപലിശ ഈടാക്കിയ ബാങ്കുകളുടെ നടപടിക്കെതിരെ വിവിധ വ്യവസായശാലകളും വ്യാപാരി അസോസിയേഷനുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്ന സുപ്രീംകോടതി. ഒക്ടോബര്‍ അഞ്ചിന് വിഷയത്തില്‍ അന്തിമ വിധി ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായുളള ബെഞ്ച് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
കൂട്ടുപലിശ സംബന്ധിച്ച് എന്തു നയതീരുമാനമായാലും തിങ്കളാഴ്ചക്കകം അറിയിക്കണം. ഇത് ഹര്‍ജിക്കാരെ വ്യാഴാഴ്ചക്കകം അറിയിക്കുകയും വേണം. വിഷയം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. തിങ്കളാഴ്ച തന്നെ ഇതില്‍ വിധി ഉണ്ടാകുമെന്നും ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡിയും എം ആര്‍ ഷായും ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കി. രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
മൊറട്ടോറിയം കാലത്തിന് ശേഷം തിരിച്ചടവ് മുടങ്ങിയ വായ്പകളെ നിഷ്‌ക്രിയാസ്തിയായി പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് സെപ്റ്റംബര്‍ 10ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മൊറട്ടോറിയം കാലത്തെ വായ്പ ഗഡുകള്‍ക്ക് മേല്‍ കൂട്ടുപലിശ ഈടാക്കുന്ന കാര്യം പഠിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.