KERALA
ശബരി മലയിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം

പത്തനംതിട്ട: ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. പ്രവേശനം എങ്ങനെ സാധ്യമാക്കണമെന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം അറിയിച്ചു.
തുലാംമാസത്തോടെ ഭക്തരെ പരിമിതമായ തോതില്‍ പ്രവേശിപ്പിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. പഴയതുപോലെ ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് ഇതിനുളള സാഹചര്യമല്ല നിലനില്‍ക്കുന്നത്.വിര്‍ച്യൂല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂ. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കാന്‍ സാധിക്കൂ.
സന്നിധാനത്ത് വിരിവെയ്ക്കാനും താമസത്തിനും അനുവദിക്കില്ല.പ്രവേശനത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിക്ക് രൂപം നല്‍കിയതെന്നും എന്‍ വാസു പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും അടങ്ങുന്ന സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും എന്‍ വാസു കൂട്ടിച്ചേർത്തു