KERALA
പുതിയ മദ്യനയത്തിന് അംഗീകാരം മദ്യശാലകളുടെ എണ്ണം കൂട്ടും

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മദ്യശാലകളുടെ എണ്ണം കൂട്ടാനും ഐടി മേഖലയിൽ പബ്ബ് അനുവദിക്കാനും തീരുമാനിച്ചു. പത്ത് വർഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി സ്ഥാപനങ്ങൾക്കാകും പബ്ബ് അനുവദിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനമുണ്ടാകില്ല.
വീര്യം കുറഞ്ഞ മദ്യമെത്തിക്കാനും ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടാനും തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോർപറേഷന് 170 ഔട്ട്‌ലെറ്റുകൾ ആരംഭിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിരുന്നു.സ്ഥലസൗകര്യമുള്ളിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാൻ അനുമതി നൽകാനാണ് തീരുമാനം. പാർക്കിംഗ് സൗകര്യവും ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളിൽ പ്രീമിയം കൗണ്ടറുകൾ തുടങ്ങും.
കാർഷിക ഉത്പന്നങ്ങളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനും 2016ൽ പൂട്ടിയ 72 ഔട്ട് ലെറ്റുകൾ തുറക്കാനും തീരുമാനമായി. കള്ളു ഷാപ്പുകളുടെ ദൂരപരിധി കുറയ്‌ക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും.ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു. കാർഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ധാന്യങ്ങൾ ഒഴികെയുള്ള തനത് കാർഷികോൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും