KERALA
സർവേക്കല്ല് സ്ഥാപിക്കുന്നതിൽ നിന്നും പിന്മാറി കരാർ കമ്പനി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്ഥാപിക്കുന്നതിൽ നിന്നും പിന്മാറി കരാർ കമ്പനി. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് കരാറിൽ നിന്നും പിന്മാറിയത്. പദ്ധതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയുമാണ് കമ്പനിയുടെ പിന്മാറ്റമെന്നാണ് വിവരം.
കോട്ടയം മുതൽ എറണാകുളം വരെയും തൃശൂർ മുതൽ മലപ്പുറം വരെയുമുള്ള ഭാഗങ്ങളിൽ സർവേ കല്ല് സ്ഥാപിക്കാനാണ് വെൽസിറ്റി കൺസൾട്ടിംഗ് എഞ്ചിനേയഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കെ റെയിൽ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കരാർ ഒപ്പിട്ടത്.കോട്ടയം മുതൽ എറണാകുളം വരെയുള്ള ഭാഗത്ത് മാത്രം 4202 കോൺക്രീറ്റ് കുറ്റികളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. പ്രദേശത്ത് ദിനംപ്രതിയുണ്ടാകുന്ന പ്രതിഷേധവും കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക പ്രയാസവും കണക്കിലെടുത്താണ് പദ്ധതിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചതെന്നാണ് കമ്പനി പറയുന്നത്.