Connect with us

KERALA

അതിരടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍

Published

on

തിരുവനന്തപുരം: കെറെയില്‍ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍. നിലവില്‍ പണയമായ ഭൂമിയില്‍ കല്ലിടുന്നത് പ്രശ്‌നമല്ല. പ്രതിസന്ധി ഒഴിവാക്കാന്‍ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ഇത് എല്ലാ സഹകരണ ബാങ്കുകളുടെയും പ്രശ്‌നമാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള പറഞ്ഞു.
കെറെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിട്ട ഭൂമി ഒരു പ്രത്യേക ആവശ്യത്തിനായി ഏറ്റെടുക്കാന്‍ പോകുന്ന ഭൂമിയാണ് എന്നുള്ള കാര്യം വ്യക്തമാണ്. ഈ ഭൂമി അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യം വായ്പ നല്‍കുന്ന സംഘങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. വായ്പ കൊടുക്കുന്ന സംഘങ്ങള്‍ക്ക് അത് ഈടാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോള്‍ അത് ബാധ്യതയായി മാറും.
അതുകൊണ്ടുതന്നെ അത്തരമൊരു റിസ്‌ക് എടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കില്ല. കല്ലിട്ടതുകൊണ്ട് ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചോ ക്രയവിക്രയം സംബന്ധിച്ചോ ഒരു തടസവുമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും. കേരളത്തിലെ പ്രതിപക്ഷഭരണപക്ഷ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ഒരു സഹകരണ ബാങ്കിനും ഈ ഭൂമിയുടെ മേല്‍ വായ്പ കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിലവില്‍ പണയംവെച്ച ഭൂമിയില്‍ കല്ലിട്ടത് സംഘങ്ങളെ ബാധിക്കില്ല. അത്തരം സാഹചര്യത്തില്‍ മറ്റ് ഭൂമി ഏറ്റെടുക്കലിലെന്നപോലെ ബാധ്യതകള്‍ തീര്‍ത്ത ശേഷമേ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നും കരകുളം കൃഷ്ണപിള്ള പറഞ്ഞു.
അതേസമയം, കെ. റെയില്‍ കല്ലിടല്‍ വലിയ വിവാദമായ മാടപ്പള്ളിയില്‍, മാടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. കല്ലിട്ട ഭൂമി പണയമായി ആരെങ്കിലും വായ്പയ്ക്കായി സമീപിച്ചാല്‍ അത് അനുവദിക്കേണ്ടതില്ല എന്നാണ് ബാങ്കിന്റെ തീരുമാനം. ഇതോടെ കെറെയില്‍ കല്ലിട്ട ഭൂമിയിലെ വായ്പ അനുവദിക്കല്‍ വലിയ പ്രശ്‌നമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് മുന്നിലെത്തിയിരിക്കയാണ്.

Continue Reading