Crime
വടകരയിൽ ഭാര്യ വീടിന് തീയിട്ട് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കോഴിക്കോട്: ഭാര്യ വീടിന് തീയിട്ട് യുവാവിന്‍റെ ആത്മഹത്യാ ശ്രമം.വടകര കോട്ടക്കടവിലാണ് സംഭവം. കൊളാവിപ്പാലം സ്വദേശി അനില്‍ കുമാറിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം. വീടിന് തീയിട്ട ശേഷം ദേഹത്ത് സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും കാറിനുമടക്കം തീപിടിച്ചു. വീട്ടുകാര്‍ ഉടനെ തീ അണച്ചതിനാല്‍ വീട്ടിനുള്ളിലേക്ക് തീ പടര്‍ന്നില്ല. ഇവര്‍ തന്നെയാണ് അനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.
ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് സംഭവം. ഇതിന് മുമ്പും ഇയാള്‍ അതിക്രമം നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.