Connect with us

Crime

പാലക്കാട് സര്‍വ്വകക്ഷിയോഗം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക്

Published

on

പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളില്‍ ചിലരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷിയോഗം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കളക്ട്രേറ്റില്‍ ചേരും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബിജെപി പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. നിലപാട് സ്വീകരിക്കാന്‍ രാവിലെ ബിജെപി നേതാക്കള്‍ യോഗം ചേരും.
അതേസമയം, പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പെടാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.
സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു. ഏപ്രില്‍ 20ന് വൈകീട്ട് ആറ് മണി വരെയാണ് പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നത്.
പാലക്കാട് എലപ്പുള്ളി ഗ്രാമത്തില്‍ നോമ്പിക്കോടുവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞ് ഒന്നര മണിയോടെ പിതാവുമായി ബൈക്കില്‍ മടങ്ങുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് ശ്രീനിവാസനെ ഒരു സംഘമാളുകള്‍ കടയില്‍ കയറി വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേര്‍ കടയ്ക്ക് അകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകള്‍ സംഭവിച്ചതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

Continue Reading