Connect with us

KERALA

കെറെയില്‍ സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധികളുമായി അലോക് വര്‍മ

Published

on

തിരുവന്തപുരം: കെറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധികളുമായി സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മ. കെറെയിലിന്റെ നിയന്ത്രണത്തിലല്ല സംവാദം നടത്തേണ്ടതെന്നും, സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നും അലോക് വര്‍മ ആവശ്യപ്പെട്ടു. വെറുതെ പേരിന് സംവാദം നടത്തിയിട്ട് കാര്യമില്ലെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ അലോക് വര്‍മ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്ന പാനലിലെ അംഗമാണ് അലോക് വര്‍മ. ഇതോടെ കെറെയില്‍ സംവാദം അനിശ്ചത്വത്തിലായിരിക്കുകയാണ്.
സംവാദത്തിലേക്ക് തന്നെ ക്ഷണിച്ചത് ചീഫ് സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിനായിരിക്കണം അതിന്റെ നിയന്ത്രണം. സംവാദം നിയന്ത്രിക്കുന്നതിന് സാങ്കേതിക വിദഗദ്ധരായ രണ്ട് മോഡറേറ്റര്‍മാര്‍ വേണം.
സംസ്ഥാന സര്‍ക്കാരിന്റേയും റെയില്‍വേയുടേയും പ്രതിനിധികള്‍ സംവാദത്തിന്റെ ഭാഗമാകണം. ശ്രോതാക്കളായി എത്തുന്നവരില്‍ സാധ്യതാ പഠനം നടത്തിയവരും ഡിപിആര്‍ പഠനം നടത്തിയവരും ഉണ്ടായിരിക്കുന്നത് നല്ലതാകും. അവര്‍ക്ക് മറുപടി പറയാനുള്ള അവസരം ഉണ്ടാകണമെന്നും അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചു.
ജോസഫ് സി മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത നടപടി അനുചിതമാണെന്നും അലോക് വര്‍മ ചൂണ്ടിക്കാട്ടി. കെറെയിലിനോടുള്ള തന്റെ അതൃപ്തിയും അദ്ദേഹം കത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 11ന് തിരുവനന്തപുരം ഹോട്ടല്‍ താജ് വിവാന്തയിലാണ് 50 പേര്‍ പങ്കെടുക്കുന്ന സംവാദം നടത്തുന്നത്. പദ്ധതിയെ വിമര്‍ശിക്കുന്നതും അനുകൂലിക്കുന്നതുമായ മൂന്നുവീതം വിഷയവിദഗ്ധരാണ് സംവാദത്തിലുള്ളത്.
ഇതില്‍ എതിര്‍ക്കുന്നവരുടെ പാനലിലായിരുന്നു ജോസഫ്. പകരം പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ജിനിയറുമായ ശ്രീധര്‍ രാധാകൃഷ്ണനെ കെറെയില്‍ ഉള്‍പ്പെടുത്തി. ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍. പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരുടെ പാനലിലുണ്ടായിരുന്ന ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി. ഡോ. സജി ഗോപിനാഥിനെ, മറ്റൊരു ഔദ്യോഗിക പരിപാടിയുള്ളതുകൊണ്ട് ഒഴിവാക്കി. സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി. ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉള്‍പ്പെടുത്തി.
ജോസഫിന് മറുപടിപറയാന്‍ പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലില്‍ രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്തേണ്ടി വരുമെന്നതിനാലാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് കെറെയില്‍ പറയുന്നത്. ജോസഫിനോട് പങ്കെടുക്കാന്‍ സാധ്യമാകുമോയെന്ന് അന്വേഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പാനലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുമാണ് കെറെയിലിന്റെ വിശദീകരണം. റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് കുമാര്‍ ജയിന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് അനുകൂല പാനലിലെ മറ്റുരണ്ടുപേര്‍.
ഇന്ത്യന്‍ റെയില്‍വേ റിട്ട. ചീഫ് എന്‍ജിനിയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനിയറിങ് റിട്ട. പ്രിന്‍സിപ്പലും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍പ്രസിഡന്റുമായ ഡോ. ആര്‍.വി.ജി. മേനോന്‍ എന്നിവരാണ് എതിര്‍ക്കുന്ന പാനലിലെ മറ്റുള്ളവര്‍.

Continue Reading