KERALA
കെ എസ് ഇ ബി സമരത്തിന് എതിരെ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി

കൊച്ചി :കെ എസ് ഇ ബി സമരത്തിന് എതിരെ ഹെെക്കോടതിയും. സമരവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ എസ് ഇ ബി യുടെ പ്രവർത്തനം തടസപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ ബോർഡിന് എസ്മ ഉപയോഗിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
സമരം ചോദ്യം ചെയ്തുള്ള പൊതുതാത്‌പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ എസ് ഇ ബി ചെയർമാന്‍റെയും മാനേജ്മെന്‍റിന്‍റെയും പ്രതികാര നടപടികൾക്കെതിരെ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ആണ് സമരം ചെയ്യുന്നത്. വൈദ്യുതി ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിയിരുന്നു.
കേസ് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ കെ എസ് ഇ ബി ഓഫീസർമാരുടെ സമരത്തിൽ ഇടപെടാനില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്. വൈദ്യുതി വിതരണം അവശ്യ സേവന മേഖലയിൽ വരുന്നതാണെന്നും സമരം വിലക്കണമെന്നും ആവശ്യപ്പെട്ട സ്വകാര്യ പൊതുതാത്പര്യ ഹർജി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന് മുന്നിൽ എത്തിയപ്പോഴാണ് ഇത്തരത്തിൽ നിർദേശമുണ്ടായത്.