Crime
പിസി ജോര്‍ജിന്റെ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരമായെന്നും വി.ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത്‌ലീഗും പരാതി നല്‍കിയിരുന്നു. എന്നാൽ 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആര്‍ ഇടാന്‍ പൊലീസ് തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റഡിയില്‍ എടുത്തതിന് ശേഷം സ്വന്തം വാഹനത്തില്‍ ആഘോഷപൂര്‍വമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞ് വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്തുകയാണ്. ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. ജോര്‍ജിന്റെ പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളില്‍ സ്ഥാനം നഷ്ടപ്പെട്ട സംഘപരിവാര്‍ ശക്തികള്‍ ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷ വര്‍ഗീയ ശക്തികളും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും പരസ്പരം സഹായിക്കുന്നു. മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും സ്വീകരിച്ച വര്‍ഗീയപ്രീണന നയത്തിന്റെ ഭവിഷ്യത്താണിത്. വോട്ട് ബാങ്ക് രാഷ്ട്രത്തിന് വേണ്ടി വര്‍ഗീയ ശക്തികളുടെ തോളില്‍ കയ്യിടാതെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ നിലപാടെടുക്കാന്‍ തയാറാകണം. ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിശ്വാസത്തിന്ന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. ലോകം മുഴുവന്‍ തറവാടായി കാണുന്നതാണ് ഹിന്ദു മത വിശ്വാസം. സാധാരണക്കാര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള ശ്രമത്തെ യു.ഡി.എഫ് ചെറുത്തു തോല്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.