Crime
കാസർഗോഡ് മാർക്കറ്റിൽ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി

കാസര്‍ഗോഡ്:കാസർഗോഡ് മാർക്കറ്റിൽ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗവും, ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴയ മത്സ്യം പിടിച്ചെടുത്തത്.
തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. 50 ബോക്‌സുകളിലായാണ് മത്സ്യം എത്തിച്ചത്. ഇതില്‍ 8 ബോക്‌സോളം പഴകിയതായിരുന്നു.കൂടുതല്‍ ലോറികളില്‍ എത്തിച്ച മത്സ്യം പരിശോധിച്ച് വരികയാണ്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ആറ് ദിവസമായി നടക്കുന്ന പരിശോധനയില്‍ സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്.ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്