Crime
ഓഫ് റോഡ് റൈഡ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്

തൊടുപുഴ: വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. ജോജു ജോര്‍ജിനും വാഹന ഉടമയ്ക്കും സംഘാടകര്‍ക്കും നോട്ടിസ് അയച്ചു.. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നോട്ടിസ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ആര്‍ടിഒ ജോയിന്റ് ആര്‍ടിഒയെ നിയോഗിച്ചു. ഓഫ്റോഡ് ട്രക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിചതിന് നടപടിയെടുക്കാനും മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്യും.
നടന്‍ ജോജു ജോര്‍ജിനെതിരെ കെഎസ്‌യു ഇന്നലെ പരാതി നല്‍കിയിരുന്നു. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച പരാതി പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോര്‍ജ് പങ്കെടുത്തത്. ഡ്രൈവിന് ശേഷമുള്ള ജോജുവിന്റെ ആഹ്ലാദവും ആവേശവും പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഓഫ് റോഡ് റൈഡ് മത്സരം നടന്നയിടം കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയാണെന്നും ഇവിടെയാണ് നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.