Connect with us

KERALA

മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

Published

on


തിരുവനന്തപുരം: രണ്ടാം പിണറായി സ‍ര്‍ക്കാര്‍ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.  പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ തുറന്നടിച്ചത്.

ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പ്രദർശന വിപണ മേളയുടെ അധ്യക്ഷനാണ് ചിറ്റയം ഗോപകുമാർ. നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാർ പരിപാടിയുടെ പോസ്റ്ററിലും ഫ്ലെക്സിലും നോട്ടീസിലുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. പരസ്യത്തിൽ തന്റെ ചിത്രം ഉണ്ടെങ്കിലും പരിപാടിയെ കുറിച്ച് അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ അറിഞ്ഞിട്ടില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്ന് ചിറ്റയം ഗോപകുമാര്‍ ആരോപിക്കുന്നു.

വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ തുറന്നടിക്കുന്നു. ഇതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണയായും വിട്ടു നിന്ന് തിരിച്ചടിക്കുകയാണ് ചിറ്റയം ഗോപകുമാർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ- സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം നിലനിൽക്കുന്നതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്. 

Continue Reading