KERALA
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. 2 കോർപ്പറേഷൻ, 7 മുനിസിപ്പാലിറ്റി, 2 ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പലയിടത്തും മഴ ഉണ്ടെങ്കിലും വോട്ടർമാർ ബൂത്തിലേക്കെത്തുന്നതിനെ അത് തടസ്സപ്പെടുത്തിയിട്ടില്ല. നാളെ രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ജില്ലയിലായി ആകെ 79 സ്ത്രീകൾ അടക്കം 182 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 77,634 വോട്ടർമാരാണുള്ളത്. 94 ബൂത്തുകളിലായാണ് പോളിംഗ് നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.
എറണാകുളത്ത് കൊച്ചി കോർപ്പറേഷൻ ഉള്‍പ്പെടെ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍, വാരപ്പെട്ടിയിലെ മൈലൂര്‍, കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തിലുൾപ്പെടുന്ന മുഴപ്പിലങ്ങാട് നടക്കുന്ന വോട്ടെടുപ്പും ശ്രദ്ധേയമാണ്. ഇവിടെ ഒരു സിറ്റിന്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് ഭരണം പിടിച്ച് നിൽക്കുന്നത്.