Crime
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെ.സുധാകരനെതിരെ കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിണറായി വിജയന്‍ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെ സിപിഎം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ അറിയിച്ചിരുന്നു.
വിവാദമായ പ്രസ്താവന ഇങ്ങനെ:
‘ഹാലിളകിയത് ഞങ്ങള്‍ക്കല്ല, അദ്ദേഹത്തിനാണ്. ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാല്‍ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാന്‍ ആരെങ്കിലും ഉണ്ടോ? പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുകയല്ലേ?’– സുധാകരന്റെ വാക്കുകള്‍.