HEALTH
തിരുവനന്തപുരത്ത് നോറോ വൈറസ് സാന്നിദ്ധ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നോറോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി.
വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായ് ബന്ധപ്പെട്ട രണ്ട് കുട്ടികളിലാണ് നോറോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ളിക് ലാബിൽ അയച്ച് പരിശോധിച്ചതിലാണ് രണ്ട് കുട്ടികളിൽ നോറോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തിൽ നിന്നുണ്ടായതല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കൊട്ടാരക്കര അംഗൻവാടിയിൽ ഭക്ഷ്യവിഷബാധയുണ്ടായതിന്റെ കാരണവും കണ്ടെത്താനായിട്ടില്ല. ലാബുകളിലേക്കയച്ച ഭക്ഷ്യസാമ്പിളുകളുടെ ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അധികൃതർ. കൊട്ടാരക്കരയിലെ അംഗൻവാടിയിൽ നടത്തിയ പരിശോധനയിൽ 35 കിലോ അരിയിൽ പുഴുവും ചെള്ളും കണ്ടെത്തിയിരുന്നു.പരിശോധനാഫലം ലഭിച്ചാൽ മാത്രമേ കായംകുളം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധയുടെ ഉറവിടം സ്ഥിരീകരിക്കാനാവൂ. ഇത് സംബന്ധിച്ച് ഇന്ന് വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച നടത്തും.