Connect with us

Crime

സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഉപയോഗിച്ച് അടിസ്ഥാനമില്ലാത്ത ആക്ഷേപം പരത്തി സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് നോക്കുന്നതെന്ന് കോടിയേരി

Published

on

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് വിജയം ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് സ്ഥായിയോ തുടര്‍പ്രതിഭാസമോ അല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വര്‍ഗപരമായ ഒരു അടിയൊഴുക്കും ഉണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫിനെ അധികാരത്തില്‍നിന്ന് നിഷ്‌കാസിതമാക്കാനും ഭരണയന്ത്രത്തില്‍ ഒരിടം കിട്ടാനും വേണ്ടിയുള്ള ഗൂഢതാല്‍പ്പര്യം കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന പ്രതിപക്ഷത്തിനുണ്ട്. അതിനുവേണ്ടി കൂടുതല്‍ ആക്രമണോത്സുകരും നിഷേധികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണെന്നും സ്വര്‍ണക്കടത്ത് ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് ആരോപണം, തൃക്കാക്കരയിലെ തോല്‍വി എന്നിവ സംബന്ധിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ ഭരണചക്രം തിരിക്കുന്ന മോദിഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരുമെന്നും കോടിയേരി പറയുന്നു. ആര്‍എസ്എസും ബിജെപിയുമായി സഹകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ പുറപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. അഴിമതിരഹിതമായ ഭരണത്തിന് നേതൃത്വം നല്‍കുന്ന, ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുള്ള ഭരണാധികാരിയായ പിണറായി വിജയനെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഉപയോഗിച്ച് അടിസ്ഥാനമില്ലാത്ത ആക്ഷേപം പരത്തി അതിന്റെ മറവില്‍ സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് നോക്കുന്നത്. തദ്ദേശഭരണതെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ചര്‍വിതചര്‍വണം ചെയ്ത സ്വര്‍ണക്കടത്ത് കേസാണ് തൃക്കാക്കര തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വീണ്ടും ജീവന്‍വയ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.
ജനങ്ങള്‍ തള്ളിയ പെരുംനുണ വീണ്ടും എഴുന്നള്ളിക്കുന്നവരെ നാട് ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എല്‍ഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവര്‍ത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണ്.
വിമോചനസമരകാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ആക്ഷേപങ്ങള്‍ ചൊരിയുകയും നെറികെട്ട മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. സന്യാസി തുല്യനായിരുന്ന കെ സി ജോര്‍ജ് എന്ന ഭക്ഷ്യമന്ത്രിക്കെതിരെ അരി കുംഭകോണംവരെ കൊണ്ടുവന്നു. അന്ന് വിളിച്ച ശകാരമുദ്രാവാക്യങ്ങള്‍ തികച്ചും മര്യാദകെട്ടവയായിരുന്നു. ‘വിക്കാ, ചട്ടാ, മണ്ടാ’ എന്നു തുടങ്ങി ‘ഗൗരിച്ചോത്തിയെ വേളികഴിച്ച റൗഡിത്തോമാ’, ‘തുണിയെവിടെ, അരിയെവിടെ’ എന്നിത്യാദിയായിരുന്നു മുദ്രാവാക്യങ്ങള്‍. അന്ന് ഇ എം എസിനെതിരെ ആയിരുന്നെങ്കില്‍ ഇന്ന് പിണറായിക്കെതിരെ ആഭാസകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അരാജകസമരം നടത്തുകയുമാണ്.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയതിനെ ചില കേന്ദ്രങ്ങള്‍ വിമര്‍ശിക്കുന്നതായി കണ്ടു. സംസ്ഥാന ഭരണാധികാരി മാത്രമല്ല, സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും പാര്‍ട്ടിയുടെ ദേശീയ നേതാവും കേരളഘടകത്തെ നയിക്കുന്നവരില്‍ പ്രമുഖനുമാണ് പിണറായി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് കൂട്ടായ നേതൃത്വത്തിന് സമയം ചെലവഴിച്ചത് കമ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലി തന്നെയാണെന്നും കോടിയേരി വിശദീകരിച്ചു.
തൃക്കാക്കരയുടെ വലതുപക്ഷ ചായ്‌വ് എന്ന സ്വഭാവം ഒരു ഭാഗത്തുള്ളപ്പോള്‍ത്തന്നെ അന്തരിച്ച ജനപ്രതിനിധിയുടെ ഭാര്യയോടുള്ള സഹതാപത്തിന്റെ ഘടകം മറ്റൊരു ഭാഗത്ത് യുഡിഎഫിന് അനുകൂലമായി. സിറ്റിങ് എംഎല്‍എയുടെ ഭാര്യയോ ബന്ധുവോ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിപ്പിക്കുന്ന സ്വഭാവം കേരളം പൊതുവില്‍ പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം അടങ്ങിയ വിജയമാണ് യുഡിഎഫ് നേടിയതെന്നും കോടിയേരി വ്യക്തമാക്കി.



Continue Reading