Crime
വിവാദ ഓഡിയോ ഇന്ന് മൂന്ന് മണിക്ക് സ്വപ്ന സുരേഷ് പുറത്ത് വിടും

കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സ്വപ്ന സുരേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും. അഭിഭാഷകനുമായി ആലോചിച്ച ശേഷം ഓഡിയോ, വീഡിയോ രേഖകൾ മാദ്ധ്യമങ്ങൾക്ക് കൈമാറുമെന്ന് അവർ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. പാലക്കാട് വാർത്താ സമ്മേളനത്തിലൂടെയാണ് വിവാദ ഓഡിയോ പുറത്ത് വിടുക.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ കൊട്ടാരക്കര സ്വദേശി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ജീവന് ഭീഷണിയുണ്ടെന്നും, അതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.സ്വപ്ന സുരേഷ് തന്റെ സുഹൃത്താണെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷാജ് കിരൺ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. എം. ശിവശങ്കറെ നേരിൽ കണ്ടിട്ടില്ല. ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെയെന്നും ഷാജ് വെല്ലുവിളിച്ചിരുന്നു.