Connect with us

Crime

കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

Published

on


കൊച്ചി: പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ.
കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ കറുത്ത മാസ്‌കിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാസ്‌ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. പൊതുവായ സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ തന്നെ വിതരണം ചെയ്യുകയായിരുന്നു. പൊതു പ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, സംഭവം വാര്‍ത്തയായതോടെ ഈ നിര്‍ദ്ദേശം പിന്‍വലിച്ചു.
കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചു. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിന് പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.
ഇന്നലെ രാത്രി മുഖ്യമന്ത്രി എത്തിയത് മുതല്‍ പൊലീസ് വലയത്തിലായിരുന്നു നാട്ടകത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം. മന്ത്രി വി എന്‍ വാസവനും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കും ചില സിപിഎം നേതാക്കള്‍ക്കും മാത്രമാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചത്. രാവിലെ അതിഥി മന്ദിരത്തിന് മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരോട് കറുത്ത മാസ്‌ക് പോലും മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നാട്ടകത്ത് നിന്ന് നഗരമധ്യത്തിലെ മാമന്‍ മാപ്പിളള ഹാളിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്ന വഴിയില്‍ ഓരോ ഇരുപത് മീറ്റര്‍ ഇടവിട്ടും പൊലീസുകാര്‍ നിലയുറപ്പിച്ചു. ബസേലിയോസ് ജംഗ്ഷനും ചന്തക്കവലയും കളക്ടറേറ്റ് ജംഗ്ഷനും ഉള്‍പ്പെടെ കെ കെ റോഡിലെ പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പൊന്നും ഇല്ലാതെ പൊലീസ് ബാരിക്കേഡ് കെട്ടി വാഹനം തടഞ്ഞു. ഊരിപ്പിടിച്ച വാളു പോയിട്ട് ഊന്നു വടി പോലും ഇല്ലാതെ വെറും കയ്യോടെ നടന്നു വന്ന സാധാരണക്കാരെ പോലും തടഞ്ഞാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പൊലീസ് വഴിയൊരുക്കിയത്.
കെജിഒഎ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തി ഒരു മണിക്കൂറിന് മുമ്പേ ഹാളില്‍ കയറണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. പഴുതടച്ച സുരക്ഷാ വിന്യാസത്തിനിടയിലും വന്നവഴി മണിപ്പുഴയില്‍ യുവമോര്‍ച്ചക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പത്തിലേറെ വാഹനങ്ങളുടെ അകമ്പടിയില്‍ സമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പ്രവേശിച്ചിട്ടും റോഡ് തുറന്നില്ല. പൊലീസ് പതിനൊന്നേ മുക്കാലിന് മുഖ്യമന്ത്രി മടങ്ങിയ ശേഷം മാത്രമായിരുന്നു മാമ്മന്‍ മാപ്പിള ഹാളിനു സമീപത്തെ റോഡുകള്‍ തുറന്നത്. മടങ്ങും വഴി നാഗമ്പടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തോപ്പുംപടിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.

Continue Reading