Crime
സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി .ക്രൈംബ്രാഞ്ച് അപേക്ഷയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ഇ ഡി

കൊച്ചി: സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന്എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. സ്വപ്‌ന രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് മൊഴി പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു .
അതിനിടെ മൊഴി പകര്‍പ്പ് വാങ്ങാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തെ സ്വപ്‌നയുടെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. ക്രൈംബ്രാഞ്ച് അപേക്ഷയ്ക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു. ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡിയാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു .ഇതേ വാദം തന്നെയാണ് ഇ.ഡി.യുടെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകന്‍ വാദം നിരത്തി. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകനും സ്വപ്‌നയുടെ അഭിഭാഷകനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്.