Crime
നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ട തയ്യൽക്കാരനെ കൊലപ്പെടുത്തിയ പ്രതികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം

ഉദയ്പൂർ: രാജസ്ഥാനിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്.
കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി രാജ് എന്നിവരെ രാജ്സമൻദ് ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകളിൽ നിന്നാണ് തീവ്രവാദ ബന്ധത്തിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഇവർക്ക് തീവ്രവാദ ഗ്രൂപ്പായ ഐസിസുമായി ബന്ധമുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പ്രതികളിലൊരാളുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുള്ള ചിത്രങ്ങളിൽ നിന്നുമാണ് ഐസിസ് ബന്ധമുള്ള സൂചനകൾ ലഭിച്ചത്. ഇതിന് പുറമേ രാജസ്ഥാനിൽ നിന്നും അടുത്തിടെ അറസ്റ്റിലായ ഐസിസ് ബന്ധമുള്ളയാളുകളുമായും ഇയാൾക്ക് ബന്ധമുണ്ട്. അതേസമയം പ്രതികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.തയ്യൽകട ഉടമയായ കനയ്യ ലാലിനെ കടയിൽ അളവെടുക്കുന്നതിനിടെയാണ് അക്രമികൾ ആക്രമിച്ചത്. കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെട്ടിയശേഷം അക്രമികൾ തലയറുത്ത് മാറ്റി. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. സംഭവത്തെ തുടർന്ന് രാജസ്ഥാനിൽ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് എൻ ഐ എ സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.