Connect with us

Crime

പച്ചക്കള്ളമല്ല തെളിവുകൾ നിരത്തി കുഴൽ നാടൻ

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ  ഉന്നയിച്ച പരാമർശങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണ വിജയന്‍റെ കമ്പനിയുടെ വെബ് സൈറ്റിന്‍റെ എഡിറ്റഡ് ഹിസ്റ്ററി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു മാത്യു കുഴൽനാടന്‍റെ വാർത്താ സമ്മേളനം. വീണാ വിജയനെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ ആവർത്തിച്ചു.താൻ പറഞ്ഞത് തെറ്റാണെങ്കിൽ തെളിയിക്കാനും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.  

മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും  പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക്  ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത്. അത് ഇതിൽ നിന്നും വ്യക്തമാണ്. ജെയ്ക് ബാലകുമാര്‍ തന്‍റെ കമ്പനിയുടെ മെന്‍ററാണെന്ന് കമ്പനി സൈറ്റില്‍ വീണ പറഞ്ഞിരുന്നു. 2020 മേയ് 20 വരെയുണ്ടായിരുന്ന ഈ വിവരം സൈറ്റില്‍നിന്ന് പിന്നീട് അപ്രത്യക്ഷമായി. ഈ വിവരം  മാറ്റിയതെന്തിനെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോ?. വെബ്സൈറ്റിന്‍റെ എഡിറ്റ് ഹിസ്റ്ററി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് മാത്യു ചോദിച്ചു.ജെയ്ക് മെന്‍ററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നതില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നുണ്ടോ ?. സൈറ്റിലുള്ളത് പച്ചക്കള്ളമെങ്കില്‍  കേസുകൊടുക്കാന്‍ ധൈര്യമുണ്ടോ ?തന്നെയും പ്രതിചേര്‍ക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും കുഴൽനാടൻ ചോദിക്കുന്നു. 

കൂടാതെ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോൾ ഒരു ബാഗ് കൊണ്ടുപോയിരുന്നെന്നും അത് ഡിപ്ലോമാറ്റിക് ചാനൽവഴിയായിരുന്നെന്നും കുഴൽനാടൻ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പിന്നാലെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയിലാണ് മകള്‍ക്കെതിരെ ആരോപണമുന്നയിച്ച മാത്യു കുഴല്‍നാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എക്‌സാലോജിക്ക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പിഡബ്ല്യൂസി ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാര്‍ തനിക്ക് മെന്‍റർ പോലെയാണെന്ന് കുറിച്ചുരുന്നുവെന്ന് അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ വെബ്‌സൈറ്റ് അപ്രതീക്ഷിതമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

 ‘എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപോകുമെന്നാണോ വിചാരിച്ചത്. പച്ചക്കള്ളമാണ് നിങ്ങള്‍ ഇവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്‍ററായിട്ട് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ല. അതൊക്കെ മനസില്‍ വച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതിയെടുക്കരുത് ‘എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഒരു ബാഗേജ് ദുബായിലെത്തിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് സ്വപ്‌ന സുരേഷ് വഴി നയതന്ത്ര പരിരക്ഷ തേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു.ഈ ചോദ്യത്തിൽ നിന്നും വഴിതിരിച്ച് വിടാനാണ് അദ്ദേഹം മകളെ കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രതികരിച്ചതെന്നും കുഴൽനാടൻ പറഞ്ഞു

Continue Reading