Connect with us

Crime

പ്രതിപക്ഷത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. പാർട്ടി സംസ്ഥാന ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ പോലും പ്രതിപക്ഷം തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

‘അക്രമം ഇ പി ജയരാൻ പ്ളാൻ ചെയ്തതാണെന്നാണ് കെ പി സി സി അദ്ധ്യക്ഷൻ ആദ്യം നടത്തിയ പ്രതികരണം. സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അപലപിക്കാൻ തയ്യാറാകാത്ത മാനസിക നില എന്തുകൊണ്ടാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തെ പാർട്ടിയും സർക്കാരും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതാണ് സി പി എം സ്വീകരിക്കുന്ന രീതി. തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സി പി എം അതിനെ ന്യായീകരിക്കില്ല. രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് തെറ്റാണ്. സുധാകരൻ ആരെന്നൊക്കെ എന്നെ പഠിപ്പിക്കേണ്ട. അത്തരം കാര്യങ്ങളിലേക്കൊന്നും ഞാൻ പോകുന്നില്ല. ഇ പിയെ ആസൂത്രകൻ എന്ന് പറഞ്ഞത് ശരിയല്ല. എ കെ ജി സെന്റര്‍ ആക്രമണം പെട്ടെന്ന് ഉണ്ടായതല്ല. ഒരു വാഹനം എ കെ ജി സെന്ററിന് മുന്നിൽ വന്നിട്ട് പോയെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കാവൽ എവിടെയൊക്കെ ഉണ്ടെന്ന് മനസിലാക്കിയായിരിക്കണം അയാൾ പോയത്. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല പൊലീസ് നോക്കുന്നത്. ആക്രമണം നടത്തിയ ആളെ കൃത്യമായി പിടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എ കെ ജി സെന്ററിൽ കല്ലെറിയുമെന്ന് പോസ്റ്റിട്ട ഒരാളെ പൊലീസ് ചോദ്യംചെയ്തത് സ്വാഭാവിക നടപടി. ബോംബിന്റെ രീതിയെക്കുറിച്ചൊക്കെ സുധാകരനോട് ചോദിക്കുന്നതാണ് നല്ലത്. കെ പി സി സി ആക്രമണത്തിൽ കൃത്യമായ കേസെടുത്തു. കോട്ടയം ഡി സി സി ഓഫീസ് ആക്രമിച്ചവരെ അറസ്റ്റുചെയ്തിട്ടുണ്ട്. ജീവിതത്തിൽ ശുദ്ധി പുലർത്തുകയാണ് വേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.എസ് ഡി പി ഐ നേതാക്കൾ എ കെ ജി സെന്ററിൽ വന്നിട്ടുണ്ട്. കാണാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അവരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവിടെ നിന്ന് അവർ ഫോട്ടോയെടുത്ത് നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയം സഭ തള്ളി.നേരത്തെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാരിനെയും സി പി എമ്മിനെയും അതിരൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന ആക്രമണത്തിൽ ദുരൂഹത ഉണ്ട്. എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. ആക്രമണം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. സംഭവം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പ് ഇ പി പുറപ്പെട്ടോ എന്ന ചോദിച്ച പ്രതിപക്ഷ നേതാവ് പൊലീസ് അന്വേഷിക്കും മുമ്പേ യു ഡി എഫ് ആണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു.ഇന്നുരാവിലെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയപ്പോൾ സഭാ നടപടികൾ നിറുത്തിവച്ച് ചർച്ചചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഒരുമണിക്ക് ആരംഭിച്ച ചർച്ച മൂന്നുമണിക്ക് അവസാനിച്ചു.

Continue Reading