Crime
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫ് ആണ് മരിച്ചത്. ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാൾ മോഷണം നടത്തിയത്.പുലർച്ചെ നാല് മണിയോടെയാണ് ജോസഫ് രാജേന്ദ്രന്റെ വീട്ടിലെത്തിയത്. മോഷണ ശ്രമത്തിനിടെ, ശബ്ദം കേട്ട് രാജേന്ദ്രൻ എഴുന്നേൽക്കുകയും മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മൽപ്പിടുത്തത്തിന് ശേഷം ജോസഫ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മോഷ്ടാവിനായി പ്രദേശത്ത് തിരച്ചിൽ നടത്തി. ഇതിനിടെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റർ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിന് സമീപത്തുനിന്ന് രാജേന്ദ്രന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ രാജേന്ദ്രനെ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.