International
ട്രമ്പ് ക്വാറന്റീന്‍ ലംഘിച്ചെന്ന് ആരോപണം. ട്രമ്പിന്റെ ആരോഗ്യസ്ഥിതിയിലും ആശങ്ക

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്വാറന്റീന്‍ ലംഘിച്ചതായി ആരോപണം. ക്വാറന്റീന്‍ ലംഘിച്ച് ട്രംപ് കാര്‍യാത്ര നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പുതിയ ആരോപണം .അതേസമയം, ട്രംപിന്റെ കാര്‍ യാത്രയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി കഴിഞ്ഞു. അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ ഡോണള്‍ഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
ഓക്സിജന്‍ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരു കൊവിഡ് രോഗിക്ക് നില ഗുരുതരമാകുമ്പോള്‍ മാത്രം നല്‍കാറുള്ള മരുന്നുകളാണ് ട്രംപിന് നല്‍കുന്നതെന്ന വിവരവും പുറത്തുവന്നതോടെ ട്രമ്പിന്റെ ആരോഗ്യസ്ഥിതിയിലും ആശങ്കയിലാണ്.