Crime
കെ.കെ രമക്കെതിരെ എം.എം മണിയുടെ പരാമർശം പ്രതിപക്ഷം സഭ വിട്ടിറങ്ങി

തിരുവനന്തപുരം: എം.എം മണിയുടെ പരാമര്‍ശത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല, ന്യായീകരിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കൊന്നിട്ടും പകതീരാതെ നില്‍ക്കുകയാണ് ഇവരുടെ എല്ലാവരുടെയും മനസ്. ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊന്നിട്ടും, അദ്ദേഹത്തിന്റെ വിധവയായ കെ.കെ രമയെ പുറകെ നടന്ന് വേട്ടയാടുകയാണ് സിപിഎം. അവര്‍ വിധവയായത് അവരുടെ വിധിയെന്നാണ് പറയുന്നത്. ഏത് വിധിയാണ് ഇവര്‍ വിശ്വസിക്കുന്നത്, ഇത് വിധിയാണ് അത് പാര്‍ട്ടി കോണ്‍ഗ്രസ് നടപ്പാക്കിയ വിധിയാണ്. ആ പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.
അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊല്ലാനുള്ള വിധിയുണ്ടായത്. ചോരയുടെ കറ ഇപ്പോഴും കൈകളിലുണ്ട്. ‘ കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എത്രയോ കുടുംബങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണ് ഇവര്‍. നിയമസഭയുടെ പവിത്രമായ അകത്തളങ്ങളില്‍ വന്ന്, ക്രൂരപരാമര്‍ശം നടത്തി, സ്ത്രീത്വത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശം നടത്തി, ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ വീണ്ടും അതിനെ ന്യായീകരിക്കുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഇതിനെതിരായി കേരളത്തിന്റെ മനസാക്ഷി പ്രതികരിക്കും എന്നതില്‍ സംശയം വേണ്ട’, വി ഡി സതീശന്‍ പ്രതികരിച്ചു.
മണി മാപ്പ് പറയണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു.