KERALA
അരി ഉൾപ്പെടെയുള്ളവക്ക് നാളെ മുതൽ വില വർധിക്കും. പാക്കറ്റിലുള്ളവ എടുത്താൽ പോക്കറ്റ് കാലിയാവും

കോഴിക്കോട് : ജി.എസ്.ടി.കൗൺസിൽ തീരുമാനിച്ച നികുതി പരിഷ്‌ക്കരണം നാളെ തിങ്കൾ മുതൽ നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും അരി,ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും. നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും. പാലുൽപന്നങ്ങളിൽ പാലിന് ഒഴികെ എല്ലായിനങ്ങൾക്കും നികുതി നൽകണം. സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനമാണ് വില വർദ്ധന.
ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരി, പയർ,കടല,പരിപ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇനി പാക്കറ്റിലാക്കി വിൽക്കുന്നവയ്‌ക്കെല്ലാം നികുതിയുണ്ട്. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസൺ അല്ലാത്തത്),മീൻ,തേൻ,ശർക്കര അടക്കമുള്ളവയ്ക്കും വില കൂടും. അതേസമയം ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധനവ് ബാധകമാവും എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. വ്യാപാരികളും ഇക്കാര്യത്തിൽ സംശയം ഉയർത്തുന്നുണ്ട്. ഇതോടെ ജനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം നികുതിയാകും. സംസ്ഥാനത്തെ പലചരക്ക് വിപണിയിൽ 80ശതമാനവും ഇത്തരത്തിലുള്ള ഉൽപന്നങ്ങളാണ്.
കേരള സർക്കാർ ജിഎസടി വകുപ്പിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.ബാങ്കിന്റെ ചെക്ക് ബുക്കിന് 18 % നികുതി അക്കൗണ്ടിൽ നിന്ന് പിടിക്കും. ദിവസം 5000 രൂപയ്ക്കു മുകളിൽ വാടകയുള്ള ആശുപത്രി മുറികൾക്ക് 5% നികുതി ഈടാക്കും. ദിവസം 1000രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടകയിൽ 12%നികുതി ചുമത്തും. നിലവിൽ ഇവ രണ്ടിനും ജി.എസ്.ടി ബാധകമായിരുന്നില്ല.കൊവിഡ് പ്രതിസന്ധിയോടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. ജി.എസ്.ടി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നതും കഴിഞ്ഞ മാസം മുതൽ കേന്ദ്രസർക്കാർ നിറുത്തിവെച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള കുറക്കുവഴിയായാണ് നിത്യോപയോഗ സാധനങ്ങളെ നികുതിഘടനയിൽപ്പെടുത്തിയത്.