Crime
അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചെന്ന കാര്യം സ്ഥിരീകരിച്ച് അമേരിക്ക

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചുവെന്നകാര്യം സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കൂബൂളില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തിയതെന്ന് ബൈഡന്‍ സ്ഥിരീകരിച്ചു. ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്.
ഞായറാഴ്ച അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ബൈഡന്‍ വിശദീകരിച്ചു. ”നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല.” – ബൈഡന്‍ പറഞ്ഞു. ഉസാമ ബിന്‍ ലാദന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന സവാഹിരി, 2011 ല്‍ ലാദനെ യുഎസ് വധിച്ചതിനുശേഷം അല്‍ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിലെ യുഎസ് പിന്‍മാറ്റത്തിനു ശേഷം അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ യുഎസ് ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.
കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കവെ രണ്ട് മിസൈലുകള്‍ അയച്ചാണ് ഭീകരവാദി നേതാവിനെ കൊലപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.കുടുംബാംഗങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 71 വയസുള്ള ഭീകരവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നല്‍കിയത് താനാണെന്ന് ബൈഡന്‍ വ്യക്തമാക്കി.
2011 ല്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അല്‍ ഖ്വയ്ദയുടെ തലവനാകുന്നത്. 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് ബിന്‍ ലാദനും സവാഹിരിയും ചേര്‍ന്നായിരുന്നു. സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചുെവന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി പിന്നീട് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഈജിപ്തില്‍ ഡോക്ടറായിരുന്ന സവാഹിരിയെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടച്ചു. ജയില്‍ മോചിതനായ അയാള്‍ രാജ്യംവിട്ട് അഫ്ഗാനിസ്താനില്‍ എത്തുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. ബിന്‍ ലാദന്റെ വിശ്വസ്തനായി പിന്നീട് സവാഹിരി മാറി.