Connect with us

NATIONAL

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു .

Published

on

ഇടുക്കി:നീരൊഴുക്ക് ശക്തമായതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു . മൂന്ന് ഷട്ടറുകളാണ് ഇന്ന് ഉച്ചക്ക് ഒരു മണി ഓടെ തുറന്നത്. ആദ്യഘട്ടത്തില്‍ മൂന്നു  ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 534 ക്യുസെക്‌സ് വെള്ളം വീതം ഒഴുക്കിവിടും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. രണ്ടു മണിക്കൂറിന് ശേഷം ആയിരം ഘനയടി വരെ വെള്ളം പുറത്തു വിട്ടേക്കാം എന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളതെന്നും  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഇതിലും കൂടുതല്‍ വെള്ളം തുറന്നുവിടുന്നുണ്ടെങ്കില്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അത്തരം നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാവിലെ 9 മണിയിലെ കണക്കു പ്രകാരം 137.25 ആണ് ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 9216 ഘനയടിയാണ്. 2166 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പെരിയാറില്‍ ഇന്നലത്തേതിനേക്കാളും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 793. 39 മീറ്റര്‍ ആണ് വണ്ടിപ്പെരിയാറിലെ ജലനിരപ്പ്. അവിടെ അപകട മുന്നറിയിപ്പ് നില 794.2 ആണ്. ഏതാണ്ട് 81 സെന്റിമീറ്ററിന്റെ വ്യത്യാസം ഉണ്ട്. അത് ആശ്വാസകരമാണ്. ഇടുക്കിയിലെ ജലനിരപ്പ് കഴിഞ്ഞവര്‍ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ പത്തടിയോളം ഉയര്‍ന്നിട്ടുണ്ട്.

ഇടുക്കി ഡാമില്‍ ഇപ്പോള്‍ 2380.32 ആണ് അവിടത്തെ ജലനിരപ്പ്. റൂള്‍ കര്‍വ് 2383.53 ആണ്. 2375.53 ല്‍ ജലനിരപ്പ് എത്തിയപ്പോള്‍ ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു. ഇടുക്കിയെ സംബന്ധിച്ചിടത്തോളം ഓറഞ്ച് അലര്‍ട്ടിലേക്ക് അടുക്കുകയാണ്. 2381.53 ആകുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. റൂള്‍ കര്‍വ് അനുസരിച്ച് റിസര്‍വ് ലെവല്‍ 2403 ആണ്. അണക്കെട്ടില്‍ ഇപ്പോള്‍ 74 ശതമാനത്തോളം വെള്ളം നിറഞ്ഞിരിക്കുകയാണ്.

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അതേസമയം ഇടുക്കിയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റൂള്‍കര്‍വില്‍ എത്തിയാല്‍ ഇടുക്കി ഡാമില്‍ നിന്നും വെള്ളം ഒഴുക്കി കളയുന്നതിനെപ്പറ്റിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആലുവയിലെയും എറണാകുളം ജില്ലയിലെയും പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി വിലയിരുത്തിയശേഷമാണ് ഇതില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Continue Reading