KERALA
മൂന്നാറിന് സമീപം ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി

ഇടുക്കി: ഇടുക്കിയിൽ മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. സംഭവത്തിന് പിന്നാലെ 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. പെട്ടിമുടി ദുരന്തത്തിന് രണ്ടുവർഷം തികയുന്ന സമയത്താണ് മൂന്നാറിൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.
പുതുക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുകയാണ്. 141 കുടുംബങ്ങളും ഏകദേശം 450ഓളം ആളുകളും താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങൾക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. ഇവരിൽ 65 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.