Connect with us

Crime

കോഴിക്കോട് സ്വർണ്ണ കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തി

Published

on


കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്ത് നിന്നും കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദിന്റേത് ആണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. മൃതദേഹം മേപ്പയ്യൂർ സ്വദേശിയായ ദീപക്കിന്റേതാണെന്ന സംശയത്തിൽ അവരുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു.

പക്ഷേ പിന്നീട് ഇക്കാര്യത്തിൽ സംശയമുണ്ടായതിനെ തുടർന്ന് ഇർഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിൾ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറൻസിക് ലബോറട്ടറിയിൽ ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മൃതദേഹം ഇർഷാദിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേത് കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടിയെന്നാണ് സൂചന.

തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയമുയർന്നിരുന്നു. ഇതോടെയാണ് കണ്ടെത്തിയ മൃതദേഹത്തിന് ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. ജൂലായ് 17നാണ് തിക്കോടി കോടിക്കൽ കടപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തുന്നത്.

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മൽ ഇർഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കൽ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, ജൂൺ ഏഴിന് മേപ്പയ്യൂരിൽ നിന്നു കാണാതായ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകി(36)ന്റെ മൃതദേഹമാണെന്നു കരുതി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയായിരുന്നു.

കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ യുവാവ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മൃതദേഹം ഇർഷാദിന്റേതാണെന്ന സംശയം പോലീസിനുണ്ടായത്.916 നാസറെന്നറിയപ്പെടുന്ന താമരശ്ശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോർട്ട്.

Continue Reading