KERALA
ഡീസൽ വാങ്ങാൻ പണമില്ല മൂന്ന് ദിവസത്തെ കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്

തിരുവനന്തപുരം: ഡീസലിന് പണമില്ലാത്ത സാഹചര്യത്തിൽ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്. ഓർഡിനറി സർവീസുകൾക്കാണ് ഇന്നും ശനി ഞായർ ദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 50 ശതമാനവും ശനിയാഴ്ച 25 ശതമാനവും സർവീസുകൾ മാത്രമാണ് നടത്തുക. ഞായറാഴ്ച ഓർഡിനറി സർവീസുകൾ പൂർണമായും ഒഴിവാക്കും. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകൾക്ക് കൈമാറിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടർന്ന് ഡീസൽ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയിൽ വരുമാനം കുറഞ്ഞതുമാണ് സർവീസുകൾ വെട്ടിച്ചുരുക്കാനുള്ള നിർദേശത്തിന് കാരണം. വരുമാനം കുറഞ്ഞ സർവീസുകളാണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് ബസുകൾ വെള്ളിയും ശനിയും ഞായറും ഉച്ചക്ക് ശേഷവും തിരക്കുണ്ടാകുമ്പോള്‍ പൂര്‍ണമായും സർവീസുകൾ ആരംഭിക്കണമെന്നും ഉത്തരവിൽ പറയുന്നു. തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിൽ വ്യക്തമാക്കി.