Connect with us

KERALA

ഗൂഗിൾ മാപ്പ് പണി കൊടുത്തു വനിതാ ഡോക്റ്ററും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്ക് മറിഞ്ഞു

Published

on

കോട്ടയം: എറണാകുളത്തു നിന്നും തിരുവല്ലയിലേക്ക് കാറിൽ യാത്ര ചെയ്ത കുടുംബത്തെ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു.  വനിതാ ഡോക്റ്ററും പിഞ്ചുകുഞ്ഞും അടങ്ങിയ നാലംഗ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്ക് മറിഞ്ഞു. കനത്ത മഴയിൽ കുത്തൊഴുക്കുള്ള തോട്ടിലൂടെ ഒഴുകി നടന്ന കാറിൽ നിന്നും കുടുംബത്തെ നാട്ടുകാർ രക്ഷപെടുത്തി. വ്യാഴാഴ്ച രാത്രി 11ന് കോട്ടയം തിരുവാതുക്കലിന് സമീപം പാറേച്ചാലിലുള്ള തോട്ടിലേക്കാണ് കാർ വീണത്. തിരുവല്ല കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന്‍ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു അത്ഭുതകരമായി രക്ഷപ്പെട്ടത്.

രാത്രി വൈകി എറണാകുളത്ത് നിന്നും യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കൽ ഭാഗത്ത് നിന്ന് വഴിതെറ്റിയാണ് പാറേച്ചാലിൽ എത്തിയത്.  തിരുവാതുക്കൽ–നാട്ടകം സിമന്റ്കവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് ദിശ തെറ്റി കാർ നീങ്ങിയത്. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു ഈ ഭാഗത്ത്. പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കാർ കൈത്തോട്ടിലേക്ക് പതിച്ചു. കാറിലുള്ളവർ നിലവിളിക്കുകയും  ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. ഈ സമയം കാര്‍ 300 മീറ്ററോളം ഒഴുകിനീങ്ങിയിരുന്നു.

നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവർ കാറിനൊപ്പം കരയിലൂടെ ഓടി  വെള്ളത്തിലേക്ക് ചാടി കാര്‍ കരയിലേക്ക് തള്ളിനീക്കാന്‍ ശ്രമിച്ചു. ഇതിനിടെ കാറിന്റെ മുന്‍ഭാഗം ചെളിയില്‍ പുതഞ്ഞു. ഇതോടെ നാട്ടുകാര്‍ കയറിട്ട് കാര്‍ സമീപമുള്ള വൈദ്യുത പോസ്റ്റിൽ ബന്ധിച്ചു. തുടർന്ന് കാറിന്റെ വാതിലുകൾ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ച് സമീപമുള്ള സനിൽ എന്നയാളുടെ വീട്ടില്‍ നിന്നും പ്രാഥമിക ശുശ്രൂഷയും വസ്ത്രവും നല്‍കി. ആർക്കും പരിക്കുകളില്ല. പിന്നീട് സംഭവ സ്ഥലത്തേക്ക് എത്തിയ ബന്ധുക്കളോടൊപ്പം ഇവര്‍ മടങ്ങി. 

നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും മനു മർക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Continue Reading