KERALA
പാക് അധീന കാശ്മീരിനെ ‘ആസാദ് കാശ്മീർ” എന്ന് വിശേഷിപ്പിച്ച ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ ജമ്മുവിൽ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ ടി ജലീൽ എം എൽ എ എഴുതിയ കുറിപ്പ് വിവാദമാവുന്നു. കാശ്മീരിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള വിവരണത്തിൽ എവിടെ നോക്കിയാലും തോക്കേന്തിയ സൈനികരാണുള്ളതെന്നും ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറിയെന്നും അദ്ദേഹം കുറിക്കുന്നു. രണ്ടാം മോദി സർക്കാർ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിന്റെ അമർഷം ജനങ്ങളുടെ ഭാവത്തിൽ നിന്ന് വായിച്ചെടുക്കുന്നുവെന്നും, അപരവൽക്കരണത്തിന്റെ വികാരം കാശ്മീരിയുടെ ഹൃദയത്തിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ടെന്നും ജലീൽ അഭിപ്രായപ്പെടുന്നു. എന്നാൽ ഇന്ത്യയുടെ അഭിഭാജ്യഭാഗമായ കാശ്മീരിൽ നിന്നും പാകിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീരിനെ ‘ആസാദ് കാശ്മീർ” എന്ന് വിശേഷിപ്പിച്ച ജലീലിന്റെ അഭിപ്രായമാണ് ഏറെ വിവാദമാകുന്നത്. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു എന്നാണ് ജലീൽ അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് എം എൽ എയുടെ ഈ അഭിപ്രായത്തിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. അതേസമയം ഇന്ത്യയുടെ അധികാരത്തിലുള്ള ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളെ ജലീൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്നുമാണ്.