Crime
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കൻ തുറമുഖത്ത്

കൊളംബോ: ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ക്കിടെ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ഇന്ന് രാവിലെ ശ്രീലങ്കന്‍ തുറമുഖത്തെത്തിയത്.
ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചാണ് ചൈനീസ് കപ്പലിന് ശ്രീലങ്ക അനുമതി നല്‍കിയത്. എന്നാല്‍ ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതിനാലാണ് കപ്പലിന് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ശ്രീലങ്കയിലെ അധികൃതര്‍ വിശദീകരിക്കുന്നത്. ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഹംബന്‍തോട്ട തുറമുഖം. ഇവിടെ ഈ മാസം 22 വരെ കപ്പല്‍ നങ്കൂരമിടാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കപ്പലിന്‍റെ വരവില്‍ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉപഗ്രഹ സിഗ്‌നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്‍റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. സുരക്ഷാ-സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ച് കപ്പലിന്‍റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.750 കിലോമീറ്റര്‍ ആകാശ പരിധിയിലെ സകല സിഗ്‌നലുകളും പിടിച്ചെടുക്കാന്‍ ചൈനീസ് ചാരനു കഴിയുമെന്നതിനാല്‍ കൂടംകുളം, കല്‍പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജന്‍സികള്‍