Crime
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം

കണ്ണൂര്‍: ഇൻഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. കാപ്പ ചുമത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. പോലീസിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.
ഫര്‍സീന്‍ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന്നാടുകടത്തണമെന്നാണ് പോലീസ് പറയുന്നത്. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടുതന്നെ ഫര്‍സീന്‍ മജീദിനെ എത്രയുംവേഗം നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.