Connect with us

KERALA

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും ഇ.പി ജയരാജനെയുമാണെന്ന് കെ.സുധാകരന്‍

Published

on

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.അക്രമരാഷ്ട്രീയത്തിന്‍റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളും.എകെജി സെന്‍ററിലെ പടക്കമേറ് ഉള്‍പ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജന്‍.

പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇപി ജയരാജന് പൊലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പൊലീസ്. കോടതി ഉത്തരവിട്ടിട്ടും എല്‍ഡിഎഫ് കണ്‍വീനറെ ഒന്നും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ല.

സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുകള്‍ മാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പൊലീസ് സേനയെ സിപിഎമ്മിന്‍റെ പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു. പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading