Crime
പൊലീസ് രജിസ്‌റ്റർ ചെയ‌്ത ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തനിക്കെതിരെ പൊലീസ് രജിസ്‌റ്റർ ചെയ‌്ത ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്വപ്‌ന സുരേഷ് നൽകിയ രണ്ട് ഹർജികളിലും പ്രാഥമികഘട്ടത്തിലാണ് അന്വേഷണമെന്ന സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജികൾ ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്‌റ്റർ ചെയ‌്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലമാണ് സ്വപ്‌ന സുരേഷ് സമർപ്പിച്ചിരുന്നത്. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ തനിക്ക് അറിയാവുന്ന വിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ പ്രതികാരമാണ് പൊലീസ് കേസ് എന്നായിരുന്നു സ്വപ്‌ന കോടതിയിൽ പറഞ്ഞത്. എന്നാൽ കോടതി ഇത് മുഖവിലയ‌്ക്കെടുത്തില്ല. കേസെടുത്ത ശേഷം ആവശ്യമെങ്കിൽ കുറ്റപത്രം റദ്ദാക്കാൻ സ്വപ്‌നയ‌്ക്ക് കോടതിയെ സമീപിക്കാം.