Crime
മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സി.ബി.ഐ. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: മദ്യനയക്കേസിലെ പ്രതിയായ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സി.ബി.ഐ. മദ്യനയ ലംഘനവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ പേരുള്ള 12 പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സിബിഐയുടെ എഫ്.ഐ.ആറിൽ പേരുള്ള 15 പ്രതികളുടെ പട്ടികയിൽ സിസോദിയയാണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനൽ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് 11 പേജുള്ള രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങൾ. മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 31 സ്ഥലങ്ങളിലും വെള്ളിയാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.മദ്യനയക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതിനെ തുടർന്നാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇ.ഡി ഉദ്യോഗസ്ഥർ സി.ബി.ഐയുമായി ചർച്ച ചെയ്തതുവെന്നാണ് വിവരങ്ങൾ.
സംസ്ഥാനത്ത് മദ്യനയം നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ചില സ്വകാര്യ വ്യക്തികളെ ഇന്നലെ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും സജീവ പങ്ക് വഹിച്ചവരെയാണ് ചോദ്യം ചെയ്‌തത്. എന്നാൽ, ഇവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.സിസോദിയയുടെ അടുപ്പക്കാരായ ദിനേഷ് അറോറ, മനോജ് റായ്, മുംബയ് ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനി സി.ഇ.ഒ വിജയ് നായർ, തെലങ്കാനയിൽ താമസിക്കുന്ന അരുൺ രാമചന്ദ്രപിള്ള തുടങ്ങിയ 14 പേരെയാണ് പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെ ഡൽഹി സർക്കാരിലെ 12 ഐ.എ.എസ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവർണർ സ്ഥലം മാറ്റി നിയമിച്ചു.
അതേസമയം, മൂന്നോ നാലോ ദിവസത്തിനകം സി.ബി.ഐയോ ഇ.ഡിയോ തന്നെ അറസ്റ്റ് ചെയ്തേക്കാമെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തതിന് കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയിം രൂക്ഷമായ ആക്രമണം നടത്തിയ വ്യക്തിയാണ് സിസോദിയ.