Crime
അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അച്ഛനെയും കൊല്ലാൻ ശ്രമിച്ചു

തൃശൂർ: അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (58) കൊല്ലപ്പെട്ടത്. കേസിൽ മകൾ ഇന്ദുലേഖയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം നടത്തിയത്
പതിനേഴാം തീയതിയാണ് ഇന്ദുലേഖ രുക്മിണിക്ക് വിഷം കൊടുത്തത്. അസുഖമാണെന്ന് പറഞ്ഞ് പ്രതി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയെ എത്തിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുക്മിണി മരിച്ചത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്.തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയാണ് വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്. ഇന്ദുലേഖയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയുണ്ട്. സ്ഥലം കൈക്കലാക്കി വിൽക്കാനായിരുന്നു പദ്ധതി. ഇതിന്റെ പേരിൽ അമ്മയുമായി നേരത്തെ വഴക്കുണ്ടായിരുന്നു.അതേസമയം, യുവതി അച്ഛനെയും കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകിയെങ്കിലും, രുചി മാറ്റം തോന്നിയതിനാൽ അദ്ദേഹം ചായ കുടിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. അമ്മയെ കൊലപ്പെടുത്തുന്ന സമയത്ത് തന്നെയാണ് അച്ഛനും വിഷം നൽകാൻ ശ്രമിച്ചത്.