Connect with us

KERALA

സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഉടന്‍ 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി : കെ.എസ്.ആര്‍.ടി.സിക്ക്  ഉടന്‍ 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് പണം നല്‍കാനാണ് നിര്‍ദ്ദേശം. പണം നല്‍കാന്‍ 10 ദിവസത്തെ സാവകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

കെ.എസ്.ആര്‍.ടി.സി. നല്‍കിയ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാനാണ് തുക നല്‍കുന്നത്.

സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നേരെത്ത ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാത്തതില്‍ സിംഗിള്‍ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ സി.എം.ഡിയ്ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചത്

Continue Reading