Connect with us

Crime

പെഗസസ് ഫോണ്‍ ചോര്‍ത്തലിൽ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രീംകോടതി .അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി

Published

on

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്തിയ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രീം കോടതി. ഇതു പെഗസസ് ആണോയെന്നു സമിതി സ്ഥിരീകരിച്ചിട്ടില്ലെന്ന്, സുപ്രീം കോടതി വ്യക്തമാക്കി. പെഗസസ് അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. സമിതി റിപ്പോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നതു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.

ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു.ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തു.

ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പി പ്രഭാകരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരടങ്ങിയ മറ്റൊരു സമിതിക്കും സുപ്രീം കോടതി രൂപം നല്‍കിയിരുന്നു.

Continue Reading