Connect with us

Crime

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടി. ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനധികൃത ഖനന അനുമതി നല്‍കിയെന്ന പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 

1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് നടപടി. 2021ല്‍ ജൂണില്‍ ഹേമന്ത് സോറന്‍ സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സോറനെതിരെ ബിജെപി പരാതി നല്‍കുകയായിരുന്നു. ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദവി രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ഭരണ ഘടന അനുഛേദം 192 അനുസരിച്ച് ഒരു ജനപ്രതിനിധിയുടെ പേരില്‍ പ്രാതിനിധ്യം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണറെയാണ് അറിയിക്കേണ്ടത്. ഇതനുസരിച്ചാണ് നടപടി. ജാര്‍ഖണ്ഡിലെ അനധികൃത ഖനന ഇടപാടുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്റെ അടുത്ത അനുയായി പ്രേം പ്രകാശിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. രണ്ട് എകെ 47 തോക്കുകളും നിരവധി തിരകളും സ്‌ഫോടകവസ്തുക്കളും റെയ്ഡില്‍ കണ്ടെടുത്തിരുന്നു. 

Continue Reading