Connect with us

Crime

തലശേരിയില്‍ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Published

on


തലശേരി: തലശേരിയില്‍ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഇന്ന് തലശേരിയിലെത്തിക്കും. വ്യവസായ സംരംഭത്തിന് നഗരസഭ പൂട്ടിട്ടതോടെയാണ് ഇരുവരും നാടുവിട്ടത്. ദമ്പതികള്‍ നാടുവിട്ടതിനു പിന്നാലെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
തലശേരിയില്‍ നിന്നുള്ള പൊലീസ് സംഘം നേരത്തെ കോയമ്പത്തൂരിലെത്തിയിരുന്നു. ദമ്പതികള്‍ അവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. തലശേരി പൊലീസ് ഇവരെ കണ്ടെത്തി സംസാരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് മുന്‍പു തന്നെ ഇവരെ തലശേരിയിലെത്തിക്കും. തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ 18 വര്‍ഷമായി സംരംഭം നടത്തിവരികയായിരുന്നു. കയ്യേറ്റം ആരോപിച്ച് ഈയിടെ നഗരസഭ ഇവരുടെ സംരംഭത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനാല്‍ കടുത്ത പ്രതിസന്ധിയാണെന്ന് കാട്ടി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിട്ടാണ് ഇവര്‍ നാടുവിട്ടത്. കടുത്ത ഭീഷണിയും ദയാരഹിത പ്രവര്‍ത്തനങ്ങളുമുണ്ട്. മറ്റുള്ളവര്‍ക്ക് ഇത് കൈമാറാനുള്ള ശ്രമവും ഉണ്ടെന്നും ഇവര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു. ദമ്പതിമാര്‍ നാടുവിട്ടതിനു പിന്നാലെ സംരംഭം തുറന്നുകൊടുക്കാന്‍ നഗരസഭ ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുകയും ചെയ്തു.

Continue Reading