KERALA
ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സർവകലാശാലകളിൽ ചാൻസലായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന വിവാദമായ സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. ബില്ലിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ഉയർത്തിയത്. പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു.
ശക്തമായ വാദപ്രതിവാദങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ ഉയർത്തിയത്. വിസി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർ എസ് എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്നായിരുന്നു കെ ടി ജലീൽ പറഞ്ഞത്. എന്നാൽ ആർഎസ്എസിന്റെ കാവിവത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്നായിരുന്നു ഇതിനുള്ള പ്രതിപക്ഷത്തിന്റെ തിരിച്ചടി. സർക്കാർ നിലപാട് ധിക്കാരപരവും അധാർമികവുമാണെന്നും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളവർ ആകാൻ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അതുകൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല. ചട്ടങ്ങൾക്ക് അനുസൃതമാണ് സർവകലാശാല നിയമ ഭേദഗതിയെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.ബിൽ സഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടുമോയെന്നതിൽ ആശങ്ക തുടരുകയാണ്. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് റദ്ദായ ഓർഡിനൻസുകൾ നിയമമാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നത്.